
ദോഹ:വാർത്താവിനിമയ പ്രക്ഷേപണ സാങ്കേതികവിദ്യ മന്ത്രാലയം (MCIT) ഖത്തർ ഡിജിറ്റൽ അക്കാദമി വഴി മൈക്രോസോഫ്റ്റുമായി സഹകരിച്ച് നിർമ്മിത ബുദ്ധിയിൽ (AI) എക്‌സിക്യൂട്ടീവ് ലീഡർഷിപ്പ് പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു. ഫ്രാൻസിലെ ഫൊണ്ടെയ്ൻബ്ലൂവിലുള്ള 'ഇൻസീഡ്' (INSEAD) യൂറോപ്പ് ക്യാമ്പസിൽ സെപ്റ്റംബർ 14 മുതൽ 16 വരെയാണ് 'എ.ഐ ബിസിനസ് സ്ട്രാറ്റജി ആന്റ് ഇന്നൊവേഷൻ' എന്ന പ്രോഗ്രാം നടക്കുന്നത്.
മന്ത്രാലയങ്ങളിൽ നിന്നും വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള 24 മുതിർന്ന ഉദ്യോഗസ്ഥരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഭരണനിർവഹണം, പൊതുസേവനം, തീരുമാനങ്ങളെടുക്കൽ എന്നിവയിൽ എ.ഐ സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടും തന്ത്രപരമായും പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
എ.ഐയുടെ വിജയം കേവലം സാങ്കേതികവിദ്യയിൽ മാത്രമല്ല, അതിൻ്റെ സാധ്യതകൾ മനസ്സിലാക്കി ഫലപ്രദമായി നയിക്കാൻ കഴിവുള്ള നേതാക്കളിലാണെന്ന് MCIT ഡിജിറ്റൽ ഇൻഡസ്ട്രി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി റീം അൽ മൻസൂരി പറഞ്ഞു.തുടർച്ചയായ രണ്ടാം വർഷമാണ് ഈ ഉന്നതതല പരിശീലന പരിപാടി മന്ത്രാലയം സംഘടിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് ഖത്തർ ജനറൽ മാനേജർ അഹമ്മദ് എൽ ദണ്ഡാച്ചിയും പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.










